എന്തുകൊണ്ട് വിജയ് – വെട്രിമാരൻ സിനിമയ്ക്ക് വേണ്ടി എല്ലാവരും കാത്തിരിക്കുന്നു??

0
8076

ദളപതി വിജയ് നായകനാകുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എ ആർ മുരുഗദോസ് ആണ്. ഇരുവരുമൊന്നിക്കുന്ന നാലാം ചിത്രം കൂടിയാണ് ഇത്. കത്തി, തുപ്പാക്കി, സർക്കാർ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സൺ പിക്ചേഴ്സ് ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇത് കഴിഞ്ഞ് വിജയ് നായകനാകുന്ന ദളപതി 66 എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെട്രിമാരൻ ആയിരിക്കും എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. സൂര്യ നായകനാകുന്ന വാടിവാസൽ ആണ് വെട്രിമാരൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. ഇതിനു ശേഷമായിരിക്കും വിജയ് നായകനാകുന്ന ചിത്രം വെട്രിമാരൻ ഒരുക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ആരാധകർ മാത്രമല്ല സിനിമാ ആസ്വാദകരും ഒരുപോലെ ഈ വാർത്ത സ്വീകരിച്ചിരിക്കുകയാണ്. കാരണം വെട്രിമാരൻ എന്ന പേര് തന്നെയാണ് – തമിഴ് സിനിമയിലെ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമകൾ ഒരുക്കുന്ന സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. പൊല്ലാതവൻ, ആടുകളം, കാക്കമുട്ടൈ, വിസാരണയ്, കൊടി, വട ചെന്നൈ, അസുരൻ എന്നീ സിനിമകൾ ഒരുക്കിയ സംവിധായകനാണ് വെട്രിമാരൻ. ഓസ്കാർ അവാർഡിനു വേണ്ടി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സിനിമകളിലൊന്ന് കൂടിയാണ് വിസാരണയ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തമിഴ് സിനിമയുടെ മുഖം ആയി മാറാറുള്ള പല ചിത്രങ്ങളും സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.

നിരൂപകരും സാധാരണ കുടുംബ പ്രേക്ഷകരെയും ഒരു പോലെ ആകർഷിക്കാൻ കഴിയുന്ന തിരക്കഥകളാണ് ഇദ്ദേഹം ഒരുക്കുന്നത്. സിനിമയുടെ ക്വാളിറ്റി ഒട്ടും കുറയാതെ തന്നെ പ്രേക്ഷകരെ പരമാവധി തൃപ്തിപ്പെടുത്തുക എന്നതാണ് വെട്രിമാരൻ സിനിമകളുടെ പ്രത്യേകത. അതുകൊണ്ടുകൂടിയാണ് ദളപതി 66 വെട്രിമാരൻ സംവിധാനം ചെയ്തു കാണാൻ പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഗ്രഹിക്കുന്നത്. തമിഴ് സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരമാണ് വിജയ് എങ്കിലും തിരഞ്ഞെടുക്കുന്ന തിരക്കഥകളുടെ കാര്യത്തിൽ ഇപ്പോഴും വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന് ഒരു മാറ്റം കുറിക്കുന്ന ചിത്രമായിരിക്കും മാസ്റ്റർ എന്നാണ് പലരും കരുതുന്നത്. അതിനുശേഷം ഇറങ്ങുന്നത് ഒരു വെട്രിമാരൻ ചിത്രം കൂടിയാണെങ്കിൽ താരത്തിന്റെ കരിയറിലെ പുതിയൊരു ഘട്ടത്തിന്റെ ആരംഭത്തിന് കൂടി ആയിരിക്കും നാം സാക്ഷ്യം വഹിക്കുന്നത് എന്നുകൂടി കരുതാം.

LEAVE A REPLY

Please enter your comment!
Please enter your name here