പിറന്നാൾ ആഘോഷം സംബന്ധിച്ച് ഫാൻസ് അസോസിയേഷൻ പ്രവർത്തകരോട് അഭ്യർത്ഥനയുമായി വിജയ്

0
2874

 

ജൂൺ മാസം എന്നാൽ ദളപതി വിജയ് ആരാധകർക്ക് ആഘോഷമാണ്. താരത്തിന്റെ പിറന്നാൾ ജൂൺ 22-ന് ആണെങ്കിലും ആ മാസം മുഴുവൻ ദളപതി ആരാധകർ വിവിധ സിനിമകളുടെ റീ-റിലീസിംങും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി തിരക്കിലായിരിക്കും. കേരളത്തിൽ ഒരു സിനിമാ താരത്തിന്റെ പിറന്നാളിന് റെക്കോർഡ് സിനിമകൾ റീ-റിലീസ് ചെയ്യുന്നത് വിജയ് ആരാധകർ ആണ്. അതുകൂടാതെ തന്നെ ബാനറുകളും ഫ്ളക്സുകളും ആയി ഗംഭീരമായ ആഘോഷം തന്നെയാണ് എല്ലാ ജില്ലകളിലും ഇവർ നടത്താറുള്ളത്. എന്നാൽ ഈ വർഷം കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പിറന്നാൾ ആഘോഷങ്ങൾ എല്ലാം ഒഴിവാക്കാനാണ് വിജയ് തന്റെ ആരാധകരോട് അഭ്യർത്ഥിച്ചിട്ടുള്ളത്.

തന്റെ ഈ വർഷത്തെ പിറന്നാളാഘോഷം പൂർണ്ണമായി ഒഴിവാക്കണമെന്നാണ് വിജയ് മക്കൾ ഇയക്കം പ്രവർത്തകരോടും ഫാൻസ് അസോസിയേഷൻ പ്രവർത്തകരോടും ആവശ്യപ്പെട്ടിരുന്നത്. ബാനറുകളും ഫ്ളക്സുകളും ഒന്നും ഒരു സ്ഥലത്തും സ്ഥാപിക്കരുത് എന്നും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഈ സാഹചര്യത്തിൽ എല്ലാവർക്കും സാമൂഹ്യ സേവനം ചെയ്യുകയാണ് വേണ്ടത് എന്നും വിജയ് ആവശ്യപ്പെട്ടു. സിനിമാ ട്രാക്കർ കൗശിക് ആണ് ഈ വിവരം ഔദ്യോഗികമായി ട്വിറ്റർ വഴി അറിയിച്ചത്.

മാസ്റ്റർ ആണ് വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം. കൈതി എന്ന കാർത്തി ചിത്രം ഒരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജർമിയ, അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യും എന്നായിരുന്നു ലഭിച്ചിരുന്ന അനൗദ്യോഗിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here