ദളപതി 65, തീപ്പൊരി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് കെജിഎഫ് ആക്ഷൻ ടീം.

0
6635

ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡ ആക്ഷൻ സിനിമകളിൽ ഒന്നായിരുന്നു കെജിഎഫ്‌. യാഷ് നായകനായ കന്നഡ ചിത്രം സംവിധാനം ചെയ്തത് പ്രശാന്ത് നീൽ ആയിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ പ്രശംസിക്കപ്പെട്ടു എന്ന് മാത്രമല്ല ആ വർഷത്തെ മികച്ച ആക്ഷൻ കൊറിയോഗ്രാഫിക്കുള്ള നാഷണൽ ഫിലിം അവാർഡും ചിത്രം നേടിയെടുത്തു. അൻപ്, അറിവ് എന്നിവരാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ കോംബോ ആയിരിക്കും വിജയ് നായകനാകുന്ന ദളപതി 65 എന്ന ചിത്രത്തിൽ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.

2013 വർഷത്തിൽ ആണ് ഇവർ ആദ്യമായി സിനിമകളിൽ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. എന്നാൽ 2016 വർഷത്തിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ധ്രുവയിലെ ആക്ഷൻ രംഗങ്ങൾ ആണ് ഇവരെ ശ്രദ്ധിക്കപ്പെടുന്ന ആക്ഷൻ കൊറിയോഗ്രാഫർമാരായി മാറ്റിയത്. സൂപ്പർ ഹിറ്റ് തമിഴ് ചിത്രം തനി ഒരുവന്റെ തെലുഗു റീമേക്കായിരുന്നു രാംചരൺ നായകനായ ധ്രുവ. മദ്രാസ്, കബാലി, 24, ഇരുമുഖൻ, സിങ്കം ത്രീ, കൈതി എന്നീ സിനിമകളിലും ഇവർ ആക്ഷൻ കൊറിയോഗ്രാഫി നടത്തിയിട്ടുണ്ട്. കെജിഎഫ് ചാപ്റ്റർ 2 ആണ് ഇവർ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം.

എ ആർ മുരുഗദോസ് ആണ് ദളപതി 65 സംവിധാനം ചെയ്യുന്നത്. സൺ പിക്ചേഴ്സ് ബാനറിൽ കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. എസ്. എസ്. തമൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. അടുത്തവർഷം ആരംഭത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here