തിരക്കഥയിൽ ക്ലാസ് ടച്ച് വരുത്താൻ മുരുകദോസ്; ദളപതി 65 തിരക്കഥ രചിക്കുന്നത് പഴയ പുലി

0
14442

വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം ദീപാവലിക്കോ അടുത്തവർഷം പൊങ്കലിനോ റിലീസായി തീയേറ്ററുകളിലെത്തും.

ദളപതി 65 സംവിധാനം ചെയ്യുന്നത് മുരുഗദോസ് ആണ്. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. തുപ്പാക്കി, കത്തി, സർക്കാർ എന്നീ ചിത്രങ്ങൾക്കു ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്ന നാലാം ചിത്രം കൂടിയാണ് ഇത്. ആദ്യ രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായങ്ങൾ നേടി വൻ വിജയമായിരുന്നു എങ്കിലും സർക്കാർ സാമ്പത്തിക വിജയമായിരുന്നെങ്കിലും എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. തിരക്കഥയിലെ പോരായ്മകൾ തന്നെയാണ് ഇതിനു കാരണമെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ ദളപതി 65 തിരക്കഥ രചിക്കുന്നതിൽ അതീവ ശ്രദ്ധാലുവാണ് മുരുകദോസ്. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതിന് വേണ്ടി തമിഴ് സിനിമയിലെ പഴയ പുലിയെ തന്നെ ഇറക്കിയിരിക്കുകയാണ് സംവിധായകൻ ഇപ്പൊൾ.

ആർ. സെൽവരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതിന്റെ ഭാഗമാകുന്നത്. 1974-ല്‍‌ കരിയർ ആരംഭിച്ച തിരക്കഥാകൃത്താണ് ഇദ്ദേഹം. “എങ്കമ്മാ സബതം” എന്ന ചിത്രത്തിനാണ് ആദ്യമായി ഇദ്ദേഹം തിരക്കഥ രചിച്ചത്. പിന്നീട് ഏകദേശം 45 വർഷത്തോളം ഭാരതിരാജ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളുടെയും തിരക്കഥ ഇദ്ദേഹമായിരുന്നു രചിച്ചത്. നൂറോളം തമിഴ് സിനിമകൾക്ക് ഇദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. 1976 വർഷത്തിൽ പുറത്തിറങ്ങിയ അന്നക്കിളി എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം “അന്നക്കിളി സെൽവരാജ്” എന്ന പേരും ഇദ്ദേഹത്തിനു ലഭിച്ചു.

ഒരേസമയം മാസ്സും ക്ലാസും ആയിരുന്നു തുപ്പാക്കി, കത്തി എന്നീ സിനിമകൾ. സർക്കാർ സിനിമയിൽ ഇല്ലാതിരുന്നതും ഇതുതന്നെയായിരുന്നു. മാസ്സ് ഇലമെന്റുകൾക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു സർക്കാർ ഒരുക്കിയത്. അതുകൊണ്ടു കൂടിയാകാം എല്ലാത്തരം പ്രേക്ഷകരെയും ചിത്രത്തിന് തൃപ്തിപ്പെടുത്താൻ സാധിക്കാതെ പോയത്. ഈ പോരായ്മ പരിഹരിക്കാൻ മുരുഗദോസിന് തന്റെ നാലാം ചിത്രത്തിലൂടെ സാധിക്കുമെന്ന് കരുതാം.

LEAVE A REPLY

Please enter your comment!
Please enter your name here