നാലാം തവണയും ഒന്നിക്കാൻ സന്തോഷ് ശിവൻ.. ദളപതി 65 ക്യാമറ കൈകാര്യം ചെയ്യാൻ സാധ്യത..

0
4141

തമിഴിൽ വരാനിരിക്കുന്ന ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ് വിജയ് നായകനാകുന്ന ദളപതി 65. സൺ പിക്ചേഴ്സ് ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ ആർ മുരുഗദോസ് ആണ്. തുപ്പാക്കി, കത്തി, സർക്കാർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് – മുരുഗദോസ് കൂട്ടുകെട്ട് ഒന്നിക്കുന്ന നാലാം ചിത്രം കൂടിയാണ് ദളപതി 65.

കഴിഞ്ഞ ദിവസമാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ മറ്റ് അണിയറക്കാർ ആയിരിക്കും എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല എങ്കിലും ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവൻ ആയിരിക്കും എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. അങ്ങനെയാണെങ്കിൽ മുരുകദോസ് – സന്തോഷിക്കാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന നാലാം ചിത്രമായിരിക്കും ദളപതി 65. തുപ്പാക്കിയിൽ ആണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. പിന്നീട് മഹേഷ് ബാബുവിനെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്ത സ്പൈഡർ എന്ന തെലുങ്ക് ചിത്രത്തിലും ചായാഗ്രഹണം നിർവഹിച്ചത് സന്തോഷ് ശിവൻ ആയിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ദർബാർ എന്ന രജനീകാന്ത് ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്തത് സന്തോഷ് ശിവൻ ആയിരുന്നു.

തെലുങ്കിലെ പ്രശസ്ത സംഗീത സംവിധായകൻ എസ്. എസ്. തമൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ആദ്യമായിട്ടാണ് ഒരു വിജയ്‌ ചിത്രത്തിന് വേണ്ടി തമൻ സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം.

വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം മാസ്റ്റർ ആണ്. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത വർഷം പൊങ്കൽ റിലീസ് ആയിട്ട് എത്തും എന്നാണ് നിർമ്മാതാവ് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here