വയനാടിന്റെ അഭിമാനം, ഇനിമുതൽ കോഴിക്കോടിന്റേയും

0
519

വയനാട് അമ്പലക്കൊല്ലി ആദിവാസി കോളനിയിൽ നിന്നും ശ്രീധന്യ സുരേഷ് എന്ന യുവപൊരാളി കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ പദവിയിലേക്ക് വരുമ്പോൾ വലിയൊരു ചരിത്ര മുഹൂർത്തത്തിന് കൂടിയാണ് ഇൗ നാട് സാക്ഷ്യം വഹിക്കുന്നത്. ആരാണോ തനിക്ക് സിവിൽ സർവീസ് നേടുവാൻ പ്രചോദനമായി നിന്നത്, ആ വ്യക്തിക്ക് കീഴിലാണ് ഇനി ശ്രീധന്യ ജോലി ചെയ്യാൻ പോകുന്നത്. 2016 വർഷത്തിൽ ട്രൈബൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയായിരുന്നു ശ്രീധന്യ. അന്ന് വയനാട് സബ് കളക്ടർ ആയിരുന്നു, ഇന്ന് കോഴിക്കോട് കളക്ടർ കൂടിയായിട്ടുള്ള ശ്രീ. സാംബശിവറാവു. ഒരു പരിപാടിയിൽ ഇദ്ദേഹത്തിനു ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളും കണ്ടതിനു ശേഷമാണ് സിവിൽ സർവീസ് മോഹം തനിക്കും ഉണ്ടാകുന്നത് എന്ന് ശ്രീധന്യ പറയുന്നു. ഇന്ന് അതേ സാംബശിവറാവു കളക്ടർ ആയിരിക്കുന്ന കോഴിക്കോട് ജില്ലയുടെ സബ് കളക്ടർ ആണ് ശ്രീധന്യ.

തൊഴിലുറപ്പ് ജോലിക്ക് പോയി നൂറ് രൂപ കിട്ടിയാൽ തൊണ്ണൂറ് രൂപ തന്റെ പഠനത്തിനും പത്ത് രൂപ ജീവിത ചിലവുകൾക്കും മാറ്റി വെച്ച മാതാപിതാക്കളാണ് തന്റെ നട്ടെല്ലെന്ന് ശ്രീധന്യ പറയുന്നു. പതിനെട്ട് വയസ്സാണ് പെൺകുട്ടികളുടെ സ്വപ്നത്തിന്റെ പരിധി എന്ന് തീരുമാനിക്കുന്ന കാലത്തുനിന്നും നമ്മൾ പിന്മാറണം. പകരം ലക്ഷ്യം പൂർത്തീകരിക്കുന്നത് വരെ സ്വപ്നങ്ങളെ നിശ്ചയിക്കാനുള്ള ധൈര്യം പെൺകുട്ടികൾക്ക് നൽകണം. ഈ ധൈര്യമാണ് തനിക്ക് മാതാപിതാക്കളിൽ നിന്നും ലഭിച്ച ഏറ്റവും വലിയ പിന്തുണ എന്നും ശ്രീധന്യ പറഞ്ഞു.

സിവിൽ സർവീസ് എന്ന കടമ്പയെ ജീവിതത്തിലെ ബുദ്ധിമുട്ടുകളുടെ കൂടെ കൂട്ടിക്കെട്ടാതെ നിശ്ചയദാർഢ്യം കൊണ്ട് തന്റെ സ്വപ്നം കൈവരിച്ച ശ്രീധന്യയുടെ വിജയം കേരളത്തിന് ഇന്നും ഒരു ആഘോഷം തന്നെയാണ്. വയനാട് പാർലമെന്റ്‌ പ്രതിനിധി രാഹുൽ ഗാന്ധി, കോൺഗ്രസ് ഐ സി സി സെക്രട്ടറി പ്രിയങ്ക ഗാന്ധി, കേരള ഗവർണർ തുടങ്ങിയവരെല്ലാം ശ്രീധന്യയെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. പ്രഗൽഭരായ ഒരുപാട് പിൻമുറക്കാരുടെ കസേരയിലേക്ക് ആണ് ഇപ്പോൾ ശ്രീധന്യ പ്രവേശിച്ചിരിക്കുന്നത്. കളക്ടർമാർക്ക് എന്നും സൂപ്പർതാരങ്ങളുടെ പരിവേഷം നൽകിയ മണ്ണാണ് കോഴിക്കോട്. ശ്രീധന്യ ഇനി മുതൽ വയനാടിന്റെ മാത്രമല്ല കോഴിക്കോടിന്റെയും കൂടെ അഭിമാനമായി മാറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here