“വിജയ് സാറും ജഗദീഷും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല”- വിശദീകരണവുമായി അടുത്ത വൃത്തങ്ങൾ

0
5979

തമിഴ് സിനിമയിലെ ഒരുപാട് പ്രമുഖരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിയന്ത്രിക്കുന്ന വ്യക്തിയാണ് ജഗദീഷ് പളനിസ്വാമി. ദളപതി വിജയ്, സംവിധായകൻ ആറ്റ്‌ലി, മാളവിക മോഹനൻ, രശ്മിക മന്ദന, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവരുടെ സോഷ്യൽ മീഡിയ മാനേജർ ജഗദീഷ് ആണ്. ഇതുകൂടാതെ നിർമ്മാണ രംഗത്തേക്ക് ജഗദീഷ് ഈ അടുത്തിടെ കടന്നിരുന്നു. മാസ്റ്റർ എന്ന സിനിമയുടെ സഹ നിർമാതാവ് കൂടിയാണ് ഇദ്ദേഹം. എന്നാൽ അതിനുമുമ്പുതന്നെ വിജയ്‌യുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തികൂടിയാണ് ജഗദീഷ്. ഇപ്പോൾ ഇരുവരും തമ്മിൽ വ്യക്തിപരമായ എന്തെല്ലാമോ പ്രശ്നങ്ങൾ ഉണ്ട് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

മാസ്റ്റർ ഓഡിയോ ലോഞ്ച് ചടങ്ങിന്റെ മേൽനോട്ടം വഹിച്ചത് ജഗദീഷ് ആണ്. ഈ പരിപാടിയിൽ സംഭവിച്ച ചില പിഴവുകൾക്ക് ജഗദീഷാണ് കാരണക്കാരൻ എന്ന് ആരോപിച്ചു സിനിമയുടെ നിർമാതാവ് സേവിയർ ബ്രിട്ടോ രംഗത്ത് വന്നു എന്ന തരത്തിലാണ് ആദ്യം അഭ്യൂഹങ്ങൾ പുറത്തുവന്നത്. വിജയ്ക്കും ഇതേ നിലപാട് തന്നെയാണ് എന്നും റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഇപ്പോൾ ഔദ്യോഗിക വിശദീകരണം നടത്തിയിരിക്കുകയാണ് താരത്തോട് അടുത്തുള്ള വൃത്തങ്ങൾ. നടൻ വിജയ്‌യും ജഗദീഷും തമ്മിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങൾ ഇല്ല എന്നും പുറത്തു വരുന്ന വാർത്തകൾ തികച്ചും അഭ്യൂഹങ്ങൾ മാത്രമാണ് എന്നും ഇവർ പറയുന്നു. ഇപ്പോഴും വിജയ്‌യുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാനേജ് ചെയ്യുന്നത് ജഗദീഷ് തന്നെയാണ്. അത് അദ്ദേഹത്തിന്റെ ട്വിറ്റർ ബയോയിൽ വ്യക്തമായി പറയുന്നുമുണ്ട്. പുറത്തു വരുന്ന വാർത്തകൾക്ക് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല എന്നും ഇവർ കൂട്ടിച്ചേർത്തു.

ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെർമിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രിൽ ഒമ്പതിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിലീസ് നീട്ടുകയായിരുന്നു. പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വർഷം ദീപാവലിയ്ക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here