“മാസ്റ്റർ സിനിമയിൽ ഏറ്റവുമധികം ആഘോഷിക്കപ്പെടാൻ പോകുന്നത് ഇന്റർവെൽ ബ്ലോക്ക് ആയിരിക്കും” – രത്നകുമാർ

0
1855

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. ലോകേഷ്, പൊൻ പാർഥിപൻ, രത്നകുമാർ എന്നിവർ ചേർന്നാണ് മാസ്റ്റർ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു മദ്യപാനി ആയ പ്രൊഫസറുടെ വേഷത്തിലാണ് വിജയ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിജയ് സേതുപതി ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകനും വില്ലനും തമ്മിൽ നടക്കുന്ന സംഘർഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സഹതിരക്കഥാകൃത്ത് കൂടിയായ രത്നകുമാർ ഇപ്പൊൾ. ചിത്രത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗം ഏതാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രത്നകുമാർ. മേയാധ മാൻ, ആടൈ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ കൂടിയാണ് രത്നകുമാർ.

“തീർച്ചയായും ഇന്റർവെൽ ബ്ലോക്ക് തന്നെയാണ് ചിത്രത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. അത് തന്നെയായിരിക്കും സിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടാൻ പോകുന്ന രംഗവും. രണ്ട് കഥാതലത്തിൽ അരങ്ങേറുന്ന തിരക്കഥയെ തമ്മിൽ സംയോജിപ്പിക്കുന്ന കണ്ണിയാണ് ചിത്രത്തിന്റെ ഇന്റർവെൽ ബ്ലോക്ക്.”- രത്നകുമാർ പറഞ്ഞു. ചിത്രത്തിൽ അനാവശ്യമായ മാസ് ഡയലോഗുകൾ ഒന്നും തന്നെ തിരുകി ചേർത്തിട്ടില്ല എന്നും കഥാസന്ദർഭവും കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന രംഗങ്ങൾ മാത്രമാണ് ചിത്രത്തിലുണ്ടാവുക എന്നും രത്നകുമാർ പറയുന്നു. വിജയ്ക്ക്‌ വേണ്ടി പ്രത്യേകം ഡയലോഗുകൾ ഒന്നും തന്നെ ചിത്രത്തിൽ എഴുതി ചേർത്തിട്ടില്ല എന്നും സാധാരണ ഡയലോഗുകൾ പോലും മാസ്സ്‌ അപ്പീലൊടെ ആണ് വിജയ് അവതരിപ്പിച്ചിരിക്കുന്നത് എന്നും രത്നകുമാർ കൂട്ടിച്ചേർത്തു.

മാളവിക മോഹനനാണ് ചിത്രത്തിൽ നായികാ വേഷം അവതരിപ്പിക്കുന്നത്. ശന്തനു ഭാഗ്യരാജ്, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 9 നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ലൊക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിലീസ് നീട്ടിവെക്കുകയായിരുന്നു. പുതുക്കിയ റിലീസ് തീയതി അറിയിച്ചിട്ടില്ല എങ്കിലും ഈ വർഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ്. സേവിയർ ബ്രിട്ടോ നിർമ്മിക്കുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here