വിജയ്, മഹേഷ് ബാബു, മണിരത്നം – നടക്കാതെ പോയ ആ ചിത്രത്തെക്കുറിച്ച് മണിരത്നത്തിന്റെ ഭാര്യ സുഹാസിനി

0
11682

തമിഴ് സാഹിത്യചരിത്രത്തിലെ ബ്രഹ്മാണ്ഡ കൃതികളിലൊന്നാണ് പൊന്നിയിൻ സെൽവൻ എന്ന നോവൽ. 1950 വർഷത്തിൽ പുറത്തിറങ്ങിയ നോവൽ കൽക്കി സുബ്രഹ്മണ്യൻ ആണ് രചിച്ചത്. പിന്നീട് കഥാസാഹിത്യ മേഖലയിൽ മാത്രമല്ല തമിഴ്നാട്ടിലെ ജനകീയ സാമൂഹിക സാംസ്കാരിക മേഖലകളിലെയും സൃഷ്ടികളെ ഈ നോവൽ കാര്യമായി സ്വാധീനിച്ചു. 1960-കൾ മുതൽ തന്നെ ഈ നോവൽ സിനിമയാക്കാൻ പലരും ശ്രമം തുടങ്ങിയിരുന്നു. എന്നാൽ സിനിമയ്ക്ക് വേണ്ടി വരുന്ന അസാമാന്യമായ ബഡ്ജറ്റ് കാരണം പലരും പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു. അത്രയും വലിയ തുക ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി മാറ്റിവയ്ക്കാൻ നിർമാതാക്കൾ ആരുംതന്നെ അന്നു തയ്യാറായിരുന്നില്ല. 2012-ലാണ് സംവിധായകൻ മണിരത്നം പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ തീരുമാനിക്കുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും അന്ന് അത് നടക്കാതെ പോയി. വീണ്ടും 2019-ലാണ് സിനിമയുടെ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചത്. വിക്രം, കാർത്തി, ജയംരവി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എന്നാൽ 2012-ൽ മണിരത്നം ചിത്രീകരിക്കാൻ പദ്ധതിയിട്ടിരുന്ന ചിത്രത്തെക്കുറിച്ച് ആദ്യമായി ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സംവിധായകന്റെ ഭാര്യ കൂടിയായ സുഹാസിനി.

തെന്നിന്ത്യയിലെ മുൻനിര താരങ്ങളായ വിജയ്, മഹേഷ് ബാബു എന്നിവരെ വെച്ച് ചിത്രം നിർമ്മിക്കാൻ ആയിരുന്നു ആദ്യം മണിരത്നം പദ്ധതിയിട്ടിരുന്നത്. ഒരേസമയം തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുകയും ഇന്ത്യയിലെ എല്ലാ ഭാഷകളിലും പിന്നീട് റിലീസ് ചെയ്യാനുമായിരുന്നു സംവിധായകന്റെ ആഗ്രഹം. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഈ പ്രൊജക്ട് നടക്കാതെ പോയി. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുഹാസിനി ഈ കാര്യം വെളിപ്പെടുത്തിയത്. ഗ്രാഫിക്സ് മേഖലയിൽനിന്നും താൻ ഉദ്ദേശിച്ച ഔട്ട്പുട്ട് ലഭിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് മണിരത്നം ഈ പ്രോജക്ട് ഉപേക്ഷിച്ചത് എന്നാണ് സുഹാസിനി അഭിമുഖത്തിൽ പറയുന്നത്. മണിരത്നത്തിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് പൊന്നിയിൻ സെൽവൻ തിരശ്ശീലയിൽ എത്തിക്കുക എന്നും വർഷങ്ങൾക്കു മുൻപ് തന്നെ കമലഹാസനെ നായകനാക്കി ചിത്രം പദ്ധതിയിട്ടിരുന്നു എന്നും സുഹാസിനി വെളിപ്പെടുത്തുന്നു. എന്തുതന്നെയായാലും അടുത്തു തന്നെ ആ സ്വപ്നം യാഥാർഥ്യമാകും എന്നതിന്റെ ആവേശത്തിലാണ് സിനിമാ ആരാധകർ എല്ലാം തന്നെ.

മാസ്റ്ററാണ് വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം എങ്കിലും സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. സർക്കാരു വാരി പാട്ട ആണ് മഹേഷ് ബാബു നായകനാകുന്ന അടുത്ത ചിത്രം. ഗീതഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത പരശുറാം ആണ് സർകാരു വാരി പാട്ട സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കുവാൻ സാധിക്കുകയാണെങ്കിൽ അടുത്ത പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here