“വിജയ് എങ്ങനെയായിരുന്നു സെറ്റിൽ?”, മാസ്സ് ഉത്തരവുമായി ലോകേഷ് കനകരാജ്

0
4080

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. മാനഗരം, കൈതി എന്നീ സിനിമകളിലൂടെ പ്രശസ്തനായ ലോകേഷ് ഒരുക്കുന്ന മൂന്നാം ചിത്രം കൂടിയാണ് ഇത്. ഗ്യാങ്സ്റ്റർ ഡ്രാമ കാറ്റഗറിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ മാളവിക മോഹനനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വർഷം ഏപ്രിൽ ഒമ്പതിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് കൊറോണ വൈറസ് വ്യാപനം കാരണം റിലീസ് നീട്ടിവെക്കുകയായിരുന്നു.

ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഒരിക്കലും വെറുതെയാവില്ല എന്നാണ് ലോകേഷ് കനകരാജ് ഉറപ്പുനൽകുന്നത്. തീയറ്ററിൽ ആഘോഷം തീർക്കാനുള്ള എല്ലാ വകയും ചിത്രത്തിൽ തങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ആരാധകർ ഒരിക്കലും നിരാശരാകില്ല എന്നും ലോകേഷ് പറയുന്നു. ടോറോണ്ടോ ഇന്ത്യൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ലോകേഷ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരതമ്യേന ഒരു പുതുമുഖ സംവിധായകൻ ആണെന്നിരിക്കെ വിജയ്‌യെ പോലുള്ള ഒരു വലിയ താരത്തിന്റെ കൂടെയുള്ള പ്രവർത്തനം എത്തരത്തിലായിരുന്നു എന്ന ചോദ്യത്തോട് ഉള്ള ലൊകേഷിന്റെ പ്രതികരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

“വളരെ താഴ്മ ഉള്ള സ്വഭാവമാണ് അദ്ദേഹത്തിന്‌. ഒരിക്കലും താൻ ഒരു വലിയ താരമാണ് എന്ന് ഭാവം അദ്ദേഹം കാണിക്കാറില്ല. കൂടെ പ്രവർത്തിക്കുന്നവരോട് വളരെ വിനയത്തോടെ ആണ് അദ്ദേഹം പെരുമാറുക. ഷൂട്ടിംങ്ങിന്റെ ഒരു സമയത്ത് പോലും എനിക്ക് ഒരു അപരിചിതത്വം അനുഭവപ്പെട്ടില്ല. ഈ എളിമയാണ് അദ്ദേഹത്തെ ഒരു വലിയ താരമാക്കി മാറ്റുന്നത്.” – ലോകേഷ് പറയുന്നു.

മാസ്റ്റർ സിനിമ എത്ര വൈകിയാലും നേരിട്ട് തീയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്നും ഒടിടി റിലീസ് പ്രായോഗികമല്ല എന്നും ലോകേഷ് പറയുന്നു. ചിത്രം ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. അതിനു സാധിച്ചില്ലെങ്കിൽ അടുത്ത വർഷം പൊങ്കലിന് ചിത്രം റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here