“മാസ്റ്റർ ട്രെയ്‌ലറിലെ ഒരു ഡയലോഗ് വലിയ തരംഗം സൃഷ്ടിക്കും”- പ്രതികരിച്ച് അർജുൻ ദാസ്

0
6768

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകേഷ് സംവിധാനം ചെയ്ത കൈതിയിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അർജുൻ ദാസ്. ഒറ്റ ചിത്രം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ ആണ് അർജുൻ സ്വന്തമാക്കിയത്. ചെറിയ രൂപം ആണെങ്കിലും മെഗാ ബാസ് വോയ്സ് ആണ് അർജുന്റെ ഏറ്റവും വലിയ പ്രത്യേകത. ശബ്ദത്തിന് അനുസരിച്ചുള്ള ഗാംഭീര്യവും അർജുന്റെ പ്രകടനത്തിന് ഉണ്ട്. അത്തരത്തിൽ ഒരു പ്രകടനം കാണുവാൻ വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകരും ആരാധകരും ഒരുപോലെ.

കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാം ലൈവിൽ അർജുൻ എത്തിയിരുന്നു. മാസ്റ്റർ ചിത്രത്തെ സംബന്ധിച്ച് ഒരുപാട് വിവരങ്ങൾ പങ്കു വെക്കുകയും ചെയ്തു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ് എന്നും ഉടൻതന്നെ ഫൈനൽ ഔട്ട്പുട്ട് റെ‌‍ഡിയാകുന്നതാണ് എന്നും അർജുൻ പറയുകയുണ്ടായി. എന്നാൽ ചിത്രത്തിന്റെ ട്രെയിലർ തയ്യാറാണ് എന്നും ഉടൻതന്നെ പുറത്തുവിടാൻ ആണ് ഉദ്ദേശിക്കുന്നത് എന്നും അർജുൻ കൂട്ടിച്ചേർത്തു. ട്രെയിലറിലേ വിജയ് സാറിന്റെ ഒരു ഡയലോഗ് വലിയ തരംഗം സൃഷ്ടിക്കുമെന്നും അർജുൻ പറഞ്ഞു. തുപ്പാക്കിയിലെ “അയാം വെയ്റ്റിംഗ്” പോലെ ഒരു ഡയലോഗ് ആയിരിക്കും ഇത് എന്നാണ് ആരാധകർ കരുതുന്നത്.

മാസ്റ്റർ സിനിമ ഒ.ടി.ടി. റിലീസ് ആയി എത്തില്ല എന്നും റിലീസ് ചെയ്യുന്നെങ്കിൽ അത് ആദ്യം തിയേറ്ററിൽ ആയിരിക്കുമെന്നും അർജുൻ കൂട്ടിച്ചേർത്തു. വിജയ് സാറിന്റെ ചിത്രങ്ങൾ ഒരിക്കലും ഓൺലൈൻ കാഴ്ചയ്ക്ക് ഉള്ളതല്ല എന്നും പുലർച്ചെ നാലുമണിക്കും അഞ്ചുമണിക്കും എല്ലാം തിയേറ്ററിൽ പോയി ഫാൻസ് ഷോ കാണുന്ന ആവേശം ഒന്ന് വേറെ തന്നെയാണ് എന്നും അർജുൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ വാരമാണ് മാസ്റ്റർ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുനരാരംഭിച്ചത്. ലോക്ക് ഡൗൺ പിൻവലിച്ച ഉടൻ തന്നെ മാസ്റ്റർ തിയേറ്ററുകളിലെത്തും എന്നാണ് അറിയിച്ചിരിക്കുന്നത് എങ്കിലും കൃത്യമായ ഒരു റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here