ബിഗിൾ 20 കോടി നഷ്ടമെന്ന് റിപ്പബ്ലിക് ടിവി, പൊളിച്ചടുക്കി നിർമാതാവ് അർച്ചന കല്പാത്തി..

0
29858

ദളപതി വിജയ് നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് ബിഗിൽ. തെറി, മെർസൽ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ചിത്രം 300 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും തമിഴ്നാട്ടിൽ നിന്നും ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി മാറുകയും ചെയ്തിരുന്നു. എങ്കിലും ചിത്രം ഫ്ലോപ്പ് ആയിരുന്നു എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഒരു ദേശീയ മാധ്യമം. റിപ്പബ്ലിക് ടിവി ആണ് ഇത്തരത്തിലൊരു വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പബ്ലിക് ടിവി അവകാശപ്പെടുന്നത്. ചിത്രത്തിനുവേണ്ടി ഷൂട്ട് ചെയ്ത ഒരു ഫുട്ബോൾ സീൻ കാരണമാണ് ചിത്രത്തിന്റെ ബഡ്ജറ്റ് കയ്യിൽ ഒതുങ്ങാതെ പോയത് എന്നും അതുകൊണ്ടാണ് ചിത്രം 300 കോടിക്കു മുകളിൽ കളക്ഷൻ നേടിയിട്ടും നിർമ്മാതാക്കൾക്ക് ലാഭമുണ്ടാക്കാൻ സാധിക്കാതെ പോയത് എന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഈ അവകാശവാദത്തെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് തന്നെ. നിർമ്മാതാക്കളിൽ ഒരാളായ അർച്ചന കല്പാതി ആണ് ഇത് ഫേക്ക് ന്യൂസ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ബിഗിൽ ചിത്രത്തിന്റെ കളക്ഷനുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന എല്ലാ വാർത്തകളും വ്യാജമാണ് എന്നും ബിഗിൽ ഒരു വൻവിജയം തന്നെ ആയിരുന്നു എന്നും അർച്ചന കൂട്ടിച്ചേർത്തു.

എ.ജി.എസ്. പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. ചിത്രത്തിന്റെ കളക്ഷൻ കൃത്യമായി ഫയൽ ചെയ്തില്ല എന്നു കാണിച്ച് അടുത്തിടെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നിർമാതാക്കളെ ചോദ്യംചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിജയ്‌യും ചോദ്യം ചെയ്യലിനായി സഹകരിച്ചിരുന്നു. ഇൻകം ടാക്സ് പുറത്തുവിട്ട ഔദ്യോഗിക പത്രക്കുറിപ്പിൽ ബിഗിൽ ചിത്രത്തിന്റെ കളക്ഷൻ 300 കോടിയാണ് എന്ന് പരാമർശിക്കുന്നുണ്ട്. ചിത്രം പുറത്തുവന്നു എട്ടു മാസങ്ങൾക്ക് ശേഷം ഇത്തരത്തിൽ ഒരു ആരോപണം വരുന്നത് തികച്ചും ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് എന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ആരോപിക്കുന്നത്.

മാസ്റ്ററാണ് വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. മാളവിക മോഹനൻ, വിജയ് സേതുപതി, അർജുൻ ദാസ്, ആൻഡ്രിയ ജർമിയ, ശന്തനു ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here