മാസ്റ്റർ സിനിമയുടെ റീ-റെക്കോർഡിങ്ങ് ആരംഭിച്ചു, വിശേഷങ്ങൾ പങ്കുവെച്ച് അനിരുദ്ധ്

0
1110

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. വിജയ് സേതുപതി, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. വാതി കമിങ്, കുട്ടി സ്റ്റോറി തുടങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗവും റെക്കോർഡുകളും ആണ് സൃഷ്ടിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം സിനിമ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തി വച്ചിരുന്നു. ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയും കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഇൻഡോർ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. കഴിഞ്ഞവാരം മാസ്റ്റർ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സംഗീത സംവിധായകൻ അനിരുദ്ധ് ചിത്രത്തിന്റെ റീ-റെക്കോർഡിങ് ഇപ്പോൾ ആരംഭിച്ചത്.

ഗാനങ്ങൾ സിനിമയിലേക്ക് ലയിപ്പിക്കുന്നതാണ് റീ-റെക്കോർഡിങ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നിലവിൽ പുറത്തുവിട്ടിരിക്കുന്ന ഗാനങ്ങൾ കൊമേർഷ്യൽ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ്. എന്നാൽ സിനിമയിൽ ഈ ഗാനങ്ങൾ ഉപയോഗിക്കുമ്പോൾ സിനിമയുടെ കഥാഗതിക്ക് അനുസരിച്ച് പല മാറ്റങ്ങളും വരുത്തേണ്ടതായി വരും. ഇതിനൊപ്പം തന്നെ ബാഗ്രൗണ്ട് മ്യൂസിക് ചേർക്കുക എന്ന മറ്റൊരു കടമ്പ കൂടി സംഗീത സംവിധായകന് ചെയ്തു തീർക്കേണ്ടതായിട്ടുണ്ട്. ഏകദേശം രണ്ട് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ജോലി ആണ് ഇത്.

ചിത്രത്തിന്റെ ട്രെയിലർ എന്ന് റിലീസ് ചെയ്യുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അനിരുദ്ധ് നൽകിയില്ല. ട്രെയ്‌ലർ ഫൈനൽ ഔട്ട്പുട്ട് റെഡി ആണെന്നും വൈകാതെ തന്നെ റിലീസ് ചെയ്യുമെന്നും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്യുന്ന അർജുൻ ദാസ് പറഞ്ഞിരുന്നു. എന്നാൽ എപ്പോൾ റിലീസ് ചെയ്താലും ട്രെയിലർ വലിയ തരംഗം സൃഷ്ടിക്കുമെന്നും അനിരുദ്ധ് ഉറപ്പു തന്നു. ലോക്ക് ഡൗൺ പിൻവലിച്ച ഉടൻതന്നെ മാസ്റ്റർ തീയേറ്ററുകളിലെത്തും എന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായ ഒരു റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ 22 വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് റിലീസ് ചെയ്യും എന്ന് ആദ്യം പറഞ്ഞിരുന്നു എങ്കിലും ഈ വർഷം ദീപാവലിയിലേക്ക് റിലീസ് നീട്ടി എന്നായിരുന്നു പിന്നീട് ലഭിച്ച വിവരം. Xb ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ആണ് മാസ്റ്റർ നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here