മാസ്റ്റർ സിനിമയെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് നടി ആൻഡ്രിയ ജെർമിയ

0
5293

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, ആൻഡ്രിയ ജെർമിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാസ്റ്റർ ഓഡിയോ ലോഞ്ച് ചടങ്ങിൽ ആൻഡ്രിയ പങ്കെടുത്തിരുന്നു എങ്കിലും ഇവർ സ്റ്റേജിൽ സംസാരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ചിത്രത്തിലെ അധികം ചർച്ച ചെയ്യപ്പെടാത്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ആൻഡ്രിയയുടെത്. വിജയ്, വിജയ് സേതുപതി, മാളവിക മോഹനൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ സംബന്ധിച്ച് ഏകദേശരൂപം അണിയറക്കാർ പുറത്തുവിട്ടു എങ്കിലും ആൻഡ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ച് ഒരു തരത്തിലുള്ള അറിവും പുറത്തുവന്നിട്ടില്ല. ഇപ്പോൾ ഈ വിഷയത്തിൽ ആദ്യമായി പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണ് താരം.

തമിഴിലെ പ്രശസ്തമായ മാധ്യമം വികടൻ മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് ആൻഡ്രിയ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവെച്ചത്. “ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ഞാൻ വിജയ് സാറിന്റെ വലിയ ആരാധികയായി മാറി. മറക്കാനാവാത്ത ഒരുപാട് മുഹൂർത്തങ്ങൾ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും എനിക്ക് ലഭിച്ചു. ചിത്രത്തിൽ ഞങ്ങൾക്ക് ഒരു കാർ ചെയ്സിങ് രംഗമുണ്ട്. അതായിരുന്നു ഏറ്റവും മനോഹരം.” – ആൻഡ്രിയ പറഞ്ഞു. വളരെ ബോൾഡ് ആയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയാണ് ആൻഡ്രിയ ജെർമിയ. അതുകൊണ്ടുകൂടിയാണ് മാസ്റ്റർ സിനിമയിൽ ഇവരുടെ കഥാപാത്രം എന്തായിരിക്കും എന്നത് സംബന്ധിച്ച് ഇത്രയും ആകാംക്ഷ നിലനിൽക്കുന്നത്. ആക്ഷൻ റോളിൽ ആയിരിക്കുമോ ആൻഡ്രിയ പ്രത്യക്ഷപ്പെടുന്നത് എന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നു.

ഏപ്രിൽ 9ന് ആയിരുന്നു മാസ്റ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ റിലീസ് നീട്ടുകയായിരുന്നു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ഈ വാരം ആദ്യമായിരുന്നു ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുനരാരംഭിച്ചത്. ഫെഫ്‌സിയിൽ നിന്നും അനുമതി ലഭിച്ചതിനു ശേഷം ആയിരുന്നു തമിഴ് സിനിമകളുടെ ഔട്ഡോർ ഷൂട്ടിംഗ് ഒഴികെയുള്ള എല്ലാ ജോലികളും വീണ്ടും ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here