മാസ്റ്റർ വെബ് സ്ട്രീമിംഗ് അവകാശത്തിനുവേണ്ടി ആമസോൺ പ്രൈമും നെറ്റ്‌ഫ്‌ളിക്സും നേർക്കുനേർ, അമ്പരപ്പിക്കുന്ന തുക ഓഫർ ചെയ്തു ഇരു കമ്പനികളും

0
8114

ലോക്ക്ഡൗൺ പ്രഖ്യാപിച്ച അന്ന് മുതൽ എല്ലാ വ്യവസായങ്ങളും തളർച്ച അനുഭവിക്കുകയാണ്. എന്നാൽ ഈ സമയത്ത് നേട്ടമുണ്ടാക്കുന്ന അപൂർവ്വ മേഖലകളിലൊന്നാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ. വീഡിയോ സ്ട്രീമിങ്, ഓൺലൈൻ കോച്ചിംഗ് തുടങ്ങി ഇന്റർനെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളിലും വലിയ ഓൺലൈൻ ട്രാഫിക് ആണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ഒ.ടി.ടി. റിലീസ് എന്നത്. അതായത് സിനിമകൾ നേരിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കുക എന്നതാണ് ഈ ആശയം. അടുത്തിടെ ജോതിക നായികയായ പൊന്മകൾ വന്താൽ എന്ന ചിത്രം ആമസോൺ പ്രൈമിലാണ് നേരിട്ട് റിലീസ് ചെയ്തത്. അതുപോലെതന്നെ ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന മലയാള ചിത്രവും അടുത്തിടെ ആമസോൺ പ്രൈം വാങ്ങിയിരുന്നു. എന്നാൽ സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യാതെ നേരിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കുന്നതിനെതിരെ ഒരുപാട് സിനിമാ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഓൺലൈനിൽ നേരിട്ട് സിനിമകൾ റിലീസ് ചെയ്യുന്ന സിനിമ താരങ്ങളുടെ സിനിമകൾ ഇനി മുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല എന്നുവരെ ഒരു സിനിമാ സംഘടന ഭാരവാഹി പറഞ്ഞു കഴിഞ്ഞു.

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതി എന്ന കാർത്തി ചിത്രമൊരുക്കിയ ലോകേഷ് കനകരാജ് ആണ് മാസ്റ്റർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഓൺലൈൻ അവകാശം സ്വന്തമാക്കുന്നതിന് വേണ്ടി കടുത്ത മത്സരത്തിലാണ് നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും ഒരുപോലെ. 150 കോടി രൂപയാണ് ഇവർ മാസ്റ്റർ നിർമാതാക്കൾക്ക് ഓഫർ ചെയ്തത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ സിനിമയ്ക്ക് വേണ്ടി ഇത്ര ഭീമമായ തുക ഇവർ ഓഫർ ചെയ്യുന്നത്. എന്നാൽ മാസ്റ്റർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുകയില്ല എന്നും നേരിട്ട് തീയേറ്ററുകളിൽ മാത്രമായിരിക്കും എത്തുക എന്നും നിർമ്മാതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ 150 കോടിയുടെ ഓഫർ വന്ന സാഹചര്യത്തിൽ നിർമ്മാതാക്കളുടെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഈ വിഷയത്തിൽ നിർമ്മാതാക്കളുടെ ഔദ്യോഗിക പ്രതികരണത്തിന് കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും ഒരു പോലെ.

സേവിയർ ബ്രിട്ടോ ആണ് മാസ്റ്റർ നിർമ്മിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായികാ വേഷത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതി ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ആൻഡ്രിയ ജെർമിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രിൽ ഒമ്പതിന് തിയറ്ററുകളിലെത്തും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പുതുക്കിയ റിലീസ് തീയതി അറിയിച്ചിട്ടില്ല എങ്കിലും ഈ വർഷം ദീപാവലിയ്ക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here