സാക്ഷാൽ സൂപ്പർസ്റ്റാറിനെ ഒരു 29 വയസ്സുകാരൻ മറികടന്ന് ഇൻഡസ്ട്രി ഹിറ്റ് അടിച്ചിട്ട് ഇന്നേക്ക് 16 വർഷം

0
62024

വിജയ് എന്ന നടന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമാണ് ഗില്ലി. ഒരു റൊമാൻസ് ഹീറോ പരിവേഷം അണിഞ്ഞിരുന്ന വിജയ്ക്ക് ഒരു മാസ് ഹീറോ മേക്കോവർ നൽകിയ ചിത്രമാണ് ഗില്ലി. ധരണി സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടിൽ നിലനിന്നിരുന്ന സർവ്വ റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ടാണ് ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയത്. രജനീകാന്ത് ചിത്രം പടയപ്പയുടെ റെക്കോർഡ് ആണ് വിജയ് മറികടന്നത്. വെറും 29 വയസ്സ് പ്രായമുള്ളപ്പോൾ ആണ് വിജയ് ഈ നേട്ടം സ്വന്തമാക്കിയത്. മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രം ഒക്കടുവിന്റെ റീമേക്ക് ആണ് ഗില്ലി. ഒറിജിനലിനെ വെല്ലുന്ന അപൂർവ്വം റീമേക്കുകളിൽ ഒന്നു കൂടിയാണ് ഈ ചിത്രം.

50 കോടി എന്ന് കളക്ഷൻ മാർക്ക് കടക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ഗില്ലി. രജനീകാന്ത് അദ്ദേഹത്തിന്റെ താരപ്രഭയുടെ പരകോടിയിൽ നിൽക്കുമ്പോൾ ആണ് ഒരു യുവ താരം തമിഴ്നാട്ടിൽ നിന്നും ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷം പോക്കിരി എന്ന ചിത്രം കൂടി റിലീസ് ആയതോടെ അടുത്ത സൂപ്പർസ്റ്റാർ ആര് എന്ന ചോദ്യത്തിന് ഏകദേശം ഉത്തരമായി കഴിഞ്ഞിരുന്നു. 200 ദിവസത്തിലധികം ആണ് ഗില്ലി തിയേറ്ററുകളിൽ പ്രദർശനം തുടർന്നത്.

ചിത്രത്തിൽ പ്രകാശ് രാജ്‌ അവതരിപ്പിച്ച മുത്തുപ്പാണ്ടി എന്ന കഥാപാത്രത്തിന് അസാമാന്യ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ താരം ഉപയോഗിച്ച “ചെല്ലം” എന്ന ഡയലോഗിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിൽ നായികയുടെ കഴുത്തിൽ കത്തിവെച്ച് വില്ലനിൽ നിന്നും അവളെ സംരക്ഷിക്കുന്ന സീൻ എക്കാലത്തെയും മികച്ച 20 മാസ് സീനുകളിൽ ഒന്നായിട്ടാണ് ബിഹൈൻഡ്വുട്‌സ് അഭിപ്രായപ്പെടുന്നത്. ഇതേ സീൻ ഷാരൂഖ് ഖാൻ നായകനായ ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലും ഉപയോഗിച്ചതായി കാണാം.

സൺ ടിവി ആണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയത്. നിരവധി തവണ സൺ ചാനലുകളിൽ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ എത്ര തവണ പ്രദർശിപ്പിച്ചാലും ചിത്രത്തിന് ലഭിക്കുന്ന ടി.ആർ.പിയിൽ മാത്രം ഒരു ഇടിവും സംഭവിക്കാറില്ല. ഇപ്പോഴും സൺ ടിവിയിൽ പ്രൈം ടൈമിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രമാണ് ഗില്ലി. ഇതുമാത്രമല്ല,സൺ ടിവിയുടെ ഒഫീഷ്യൽ ആപ്ലിക്കേഷൻ ആയ സൺ നെക്സ്റ്റ്റിൽ ഏറ്റവും അധികം ആളുകൾ കണ്ട തമിഴ് സിനിമകളിൽ ഒന്നുകൂടിയാണ് ഗില്ലി.

മധുര സിറ്റിയിൽ ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിക്കപ്പെട്ട തമിഴ് സിനിമ എന്ന ഖ്യാതി എംജിആർ നായകനായ ഉലകം ചുറ്റും വാലിബന് ആയിരുന്നു. എന്നാൽ ഗില്ലിയുടെ റിലീസിന് ശേഷം അതും വിജയ്‌യുടെ പേരിൽ ആയി മാറി. വിദ്യാസാഗർ ഈണമിട്ട ചിത്രത്തിലെ എല്ലാ ഗാനങ്ങളും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായി മാറി. കബഡി കബഡി എന്ന് തുടങ്ങുന്ന ഗാനം ഏഷ്യൻ ഗെയിംസ് വേദിയിൽ കേൾക്കുകയുണ്ടായി. മാത്രവുമല്ല, അപ്പടി പോട് എന്ന ഗാനം സൗത്ത് ഇന്ത്യ കടന്ന് നോർത്ത് ഇന്ത്യയിൽ അടക്കം വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തു. റിലീസ് ചെയ്ത് 16 വർഷങ്ങൾക്കിപ്പുറവും ആദ്യകാഴ്ചയിൽ ലഭിക്കുന്ന അതേ അനുഭവം നൽകുന്ന അപൂർവ്വം സിനിമകളിൽ ഒന്നാണ് ഗില്ലി. അതുകൊണ്ട് കൂടിയാണ് മിനിസ്ക്രീനിൽ ആയാലും ബിഗ് സ്ക്രീനിൽ റീ-റിലീസ് ആയാലും കാഴ്ചക്കാരുടെ എണ്ണത്തിൽ മാത്രം ഒരു കുറവും ഉണ്ടാകാത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here