തലസ്ഥാനത്ത് നിന്നും ചെന്നൈയിലേക്ക്, അവിടെ നിന്നും കർണാടകം

0
8961

വിജയ് നായകനാകുന്ന ‘ദളപതി 64’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ന്യൂ ഡൽഹിയിലെ ദില്ലി സർവകലാശാലയിൽ പുരോഗമിച്ചു വരികയായിരുന്നു. ഗാന രംഗങ്ങൾ അടക്കമുള്ളവയാണ് ശ്രീരാം കോളേജ് ഓഫ് കൊമേഴ്സിൽ നിന്നും ആദ്യത്തെ ഷെഡ്യുളിൽ ചിത്രീകരിച്ചത്. ചിത്രത്തിലെ നായിക മാളവിക മോഹൻ അടക്കം ഉള്ളവർ ഈ ഷെഡ്യുളിന്റെ ഭാഗമായിരുന്നു. ചിത്രം ഇപ്പോൾ രണ്ടാം ഷെഡ്യുളിലേക്ക് കടക്കുകയാണ്.

ചെന്നൈ, കർണാടക എന്നിവിടങ്ങളിൽ ആയിട്ടാണ് അടുത്ത ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ഡിസംബർ 4 മുതൽ രണ്ടാം ഷെഡ്യുൾ ആരംഭിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നാല് ദിവസത്തെ ഷെഡ്യുലിനാണ് സിനിമാ സംഘം ചെന്നൈയിൽ എത്തുന്നത്. അതിന് ശേഷം ദീർഘകാല ഷെഡ്യുളിനായി സംഘം കർണാടകത്തിലേക്ക് പോകും. കർണാടകയിലെ ശിവമൊഗ്ഗ ജയിലിൽ നിന്നും പ്രധാനപ്പെട്ട സീനുകൾ ചിത്രീകരിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് അണിയറ സംഘം. 40 ദിവസത്തോളം നീണ്ടു നിൽക്കുന്ന വലിയ ഷെഡ്യുൾ ആയിരിക്കും ഇത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ചിത്രത്തിൽ വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്ന വിജയ് സേതുപതി അടക്കമുള്ളവർ ഈ ഷെഡ്യുളിൽ ചിത്രത്തിന്റെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ വലിയ താരനിര തന്നെ ഈ ഷെഡ്യുളിൽ അണിനിരക്കും.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം വരുന്ന ഏപ്രിലിൽ തമിഴ് പുതുവത്സര ദിനത്തോട് അനുബന്ധിച്ചാണ് റിലീസ് ചെയ്യുന്നത്. വിജയ് ആദ്യമായി പ്രൊഫസറുടെ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകന്റെ തന്നെ മുൻ ചിത്രമായ കൈതിയിൽ വില്ലൻ വേഷം അവതരിപ്പിച്ച അർജുൻ ദാസ് ഈ ചിത്രത്തിന്റെയും ഭാഗമാകുന്നുണ്ട്. ആൻഡ്രിയ ജേർമിയ, ശന്തനു, രമ്യ സുബ്രഹ്മണ്യം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here